അൽപനേരം മുൻപ് ഫേസ്ബുക്കിൽ സൌമ്യ കെ ദാസന്റെ
സ്റ്റാറ്റസ് അപ്ഡേറ്റ് കണ്ടു..അവൾ ഇപ്പോൾ രാമവര്‍മ്മപുരം റൂട്ടിൽ ഓടുന്ന ബസിന്റെ
ഉള്ളിൽ വിമല കോളേജിലെ പെണ്‍കുട്ടികളുടെ കൂടെ യാത്രയിൽ ആണത്രേ..അവളുടെ ഓർമ്മകൾ
ഫ്രെഡി മോൻ ബസിൽ നിന്ന് പറന്നു അങ്ങ് വിമല കോളേജിന്റെ വരാന്തകളിലേക്ക്
എത്തിയിട്ടുണ്ടാകാം..
എന്റെ ഓർമ്മകൾ ഫേസ് ബുക്കിൽ പച്ച ബൾബും കത്തിച്ചു കിടക്കുന്ന
ബ്രഹുവിനോടൊപ്പം അങ്ങ് ദൂരെ പെരിങ്ങാവ് സെന്ററിൽ വന്നു മൂക്കും കുത്തി
വീണു..കൃത്യമായി പറഞ്ഞാൽ മ്മടെ ഇസാക്കേട്ടന്റെ വീടിന്റെ ഗേറ്റിന്റെ
മുൻപിൽ...
ഒരു വ്യാഴവട്ടക്കാലം മുന്‍പത്തെ ഡിസംബർ മാസത്തിലെ
വ്യാഴാഴ്ച..പതിവ് പോലെ ഞാനും ബ്രഹുവും അജിയും നീതുവും നിമിയും പോലീസ് ബസും
കാത്തു ഇസാക്കെട്ടന്റെ പടിക്കൽ കുറ്റിയും അടിച്ചു നില്‍പ്പാണ്.....
പോലീസുകാരുടെ മക്കൾ ആയതു കൊണ്ട് സ്കൂളിലേക്ക് എന്നും വരവും പോക്കും പോലീസ്
ബസിൽ ആണ്..കൂടെ ഉണ്ടായിരുന്ന ഡോണ്‍ ബോസ്കോ ഗെടികൾ അവരുടെ ബസ് വന്നു
കയറി പോയി..പോലീസ് ക്യാമ്പിലെ തുരുംബെടുത്ത പാട്ട വണ്ടി വരാൻ പിന്നേം സമയം
ഉണ്ട്..ഞാൻ ഉള്ള സമയം കൊണ്ട് ഒറ്റക്കാലിൽ നിന്ന് സ്റ്റീഫൻ മാഷിന്റെ കണക്കു
ഹോം വർക്ക് ഇന്നും ചെയ്തിട്ടില്ലല്ലോ എന്ന് ആലോചിച്ചു നില്‍പ്പാണ്..... .,അസ്സെംബ്ലി കൂടും മുൻപ് സ്കൂളിൽ എത്തിയാൽ ഇല പിടിച്ചു അടി
ഒഴിവാക്കാം എന്നൊരു പ്ലാൻ ഉണ്ട്..
അങ്ങനെ നില്‍ക്കുമ്പോഴാണ് പള്ളിമൂല ഭാഗത്തേക്ക് സുമ ബസ്
അകത്തും പുറത്തും ആകാശ നീലയിൽ മുങ്ങി ആകാശം താണിറങ്ങി വരും പോലെ ചെരിഞ്ഞു പൊടിയും
പരത്തി വരുന്നത്..ഞങ്ങൾ എല്ലാ ടെൻഷനും വിട്ടു ബസിന്റെ ഉള്ളിലേക്ക്
നോക്കി..അപ്പുറത്തെ സൈഡിൽ നിന്ന് ബാർബർ കുട്ടൻ മുടി വെട്ടാൻ വന്നവന്റെ തലയും
മറന്നു കത്രികയും താഴെ വച്ച് തുപ്പാൻ എന്നാ പോലെ പുറത്തു വന്നു ബസിലേക്ക്
നോക്കി..മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച
ആയതുകൊണ്ട് വിമലകൾ എല്ലാവരും ആകാശനീല സാരിയും ഉടുത് സുമ ബസിന്റെ ഉള്ളിൽ
ഞെരിഞ്ഞമർനു നില്‍പ്പാണ്......, വേറെ
യാത്രക്കാരൊന്നും ഇല്ല എന്ന് തന്നെ പറയാം..സകല ലോകവും മറന്നു അന്തം വിട്ടങ്ങനെ
നിൽക്കുമ്പോൾ പാല്പായസത്തിലെ ഏലക്കായ് തൊണ്ട് പോലെ അതാ ഒരുത്തൻ ആ
കൂട്ടത്തിൽ ..വേറെ ആരുമല്ല..ബസിന്റെ കണ്ടക്ടർ ...!!
ബ്രഹു ബസിന്റെ ഉള്ളിൽ നിന്നും കണ്ണെടുക്കാതെ
എന്നോട് പറഞ്ഞു...
" ഡാ..പഠിച്ചിട്ടൊന്നും ഒരു കാര്യൂം ഇല്ല്യാടാ ...നീ
കണ്ടില്ല്യേ ദാ ചുള്ളന്റെ ഒരു ബാഗ്യം ...മ്മക്ക് വല്ല കണ്ടക്ടർ ടെ പണി
കിട്ട്വോവോ ലെ?? "
ഞാൻ പറഞ്ഞു " നിനക്ക് വേറെ ബസ് പണിയേണ്ടി വരും..ഈ ജാതി
ഹയ്റ്റ് കാരണം നിന്റെ തലമണ്ട മുട്ടും..അല്ലേൽ കുമ്പിട്ടു നടന്നു ടിക്കറ്റ്
കൊടുക്കണ്ടി വരും..അപ്പോഴോ??"
അവൻ അത് കേട്ടെന്നു ഉറപ്പില്ല..സുമ ബസ് ഗഗന നീലിമയെയും വഹിച്ചു കൊണ്ട് ഭൂമിയുടെ മാറിലൂടെ
പെരിങ്ങാവ് തോടും മണ്ടന്റെ ചിക്കൻ സെന്ററും കടന്നു ചേറൂർ ക്ക്
പോയി..police bus തോമാസ്സേട്ടന്റെ പീടികയും കടന്നു വളവും തിരിഞ്ഞു മാടംബിടെ ഹോട്ടെലും കടന്നു
വന്നു നിന്നു ...ഹോളി ഫാമിലി സ്കൂൾ എത്തും വരെ അനുവിന്റെയും കൂട്ടുകാരികളുടെയും
അടക്കിപ്പിടിച്ച ചിരികളും കണ്ണേറും ഏറ്റുവാങ്ങി പോക്കെറ്റിൽ ഇട്ടു സി എം
എസിൽ എത്തുമ്പോൾ മണി ഒമ്പതെ കാൽ ..
പതിവ് പോലെ എല്ലാവരും സ്കൂൾ മുറ്റത്ത് നിന്ന് കാറ്റിൽ താഴെ വീഴുന്ന മദിരാശി മരത്തിന്റെ ഇല
പിടിക്കുന്ന തിരക്കിലാണ്..അന്ന് ഞങ്ങളുടെ ഒരു വിശ്വാസമായിരുന്നു ഇല താഴെ വീഴും
മുൻപ് കയ്യിലാക്കിയാൽ മാഷുമാരുടെ വക അന്ന് അടി കിട്ടില്ല എന്ന്..
ഞങ്ങളുടെ കൂട്ടത്തിലെ ഒരു തല്ലുകൊള്ളി .വ്യക്തമായി പറഞ്ഞാൽ
എല്ലാ അധ്യാപകരും ക്ലാസ്സിൽ എത്തിയാൽ ഇവനെ രണ്ടെണ്ണം പൊട്ടിച്ചേ ക്ലാസ്സ്
തുടങ്ങൂ..കാരണം എന്തേലും ഉണ്ടാകും..പമ്പ ഗണപതിക്ക് തേങ്ങ അടിച്ചു ശബരി മല കയറും
പോലെ ഇത് ഒരു ചടങ്ങ് പോലെ ആയി..എന്നോ ഒരു ദിവസം അവൻ സ്കൂൾ
മുറ്റത്ത് നടക്കുമ്പോൾ ചുമ്മാ ഒരു രസത്തിന് പറന്നു വന്ന ഒരു മദിരാശി
മരത്തിന്റെ ഇല പിടിച്ചു..എന്തോ ഭാഗ്യത്തിന് അന്ന് അവനു അടി കിട്ടിയില്ല..അങ്ങനെ
അത് ഒരു വിശ്വാസം ആയി..ഒരു പീരിയടിനു ഒരില വച്ച് എന്നും ഏഴു ഇല പിടിക്കണം,,അങ്ങനെ ദിവസം മുഴുവൻ അടി കൊള്ളാതെ തടിയൂരാം..അന്നേ
ദിവസം വരെ ആ വിശ്വാസത്തിനു വലിയ തട്ടൊന്നും കിട്ടാതെ ഇരുന്നു..വരാൻ പോകുന്ന
വലിയൊരു കൂട്ട തല്ലിന്റെ മുന്നൊരുക്കം പോലെ..
സുട്ടുവും ദീപുവും പറയാറുണ്ട് ഇങ്ങനെ രണ്ടോ മൂന്നോ മദിരാശി
മരം ആ വർഗീസ് മാഷിന്റെ ട്യൂഷൻ സെന്ററിന്റെ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന്..
അന്ന് ഞാൻ ക്ലാസ്സിൽ ബാഗും വച്ച് ഉള്ള നേരം കൊണ്ട് ഹോം
വർക്ക് ചെയ്യാൻ മെനക്കെടാതെ ഇല പിടിക്കാൻ ഇറങ്ങി..പലരും അതിരാവിലെ വന്നു
അന്നെക്കുള്ള ഇലയും പിടിച്ചു ബാക്കി ഉള്ളവര്‍ക്ക് ഇല പിടിക്കാൻ ചാൻസ് ഒരുക്കി
കൊടുത്തു..അരുണ്‍ അശോകൻ ആറ് ഇലയുമായി ഫൈനൽ മാച്ച്
കളിക്കുന്നു..ബെന്നറ്റ്, ജെനൊ, വാസു, ബെറിൻ , സാൻജോ , എല്ലാവരും സജീവമായി രംഗത്ത് ഉണ്ട്..എനിക്കാണേൽ ചെന്ന പാടെ
അഞ്ചു ഇല കിട്ടി..
അതുവരെ സി എം എസിന്റെ മുകളിൽ ആഞ്ഞു വീശി കൊണ്ടിരുന്ന വൃശ്ചിക കാറ്റ് ഒരു ഷോർട്ട് ബ്രയ്ക്ക്
എടുത്തെന്ന് തോന്നുന്നു ..പൊടുന്നനെ കാറ്റ് നിന്നു. അസ്സംബ്ലി തുടങ്ങാൻ ഇനി
അധികം സമയം ഇല്ല..അന്നത്തെ ക്വോട്ട തികക്കാൻ പറ്റാതിരുന്ന ഏതോ വക തിരിവില്ലാത്തവൻ
അവിടെ കിടന്ന ഒരു പട്ടിക കഷ്ണം എടുത്തു മരത്തിലേക്ക് എറിഞ്ഞു..ഇല ഒന്നും
വീണതുമില്ല ,പട്ടിക വന്നു വീണത് വിദ്ധ്യാർത്തികൾ ബഹുമാനപൂർവ്വം
വേറെ പേരിട്ടു വിളിക്കുന്ന ഡേവിഡ് ജോണ്‍ മാഷുടെ മേലെ..
സംഗതി കുദാ ഹുവാ...!!!!
എല്ലാത്തിനേം പൊക്കി..സ്റ്റാഫ് റൂമിൽ
ഹാജരാക്കി...ചോദ്യം ചെയ്യൽ തുടങ്ങി..കയ്യോടെ പിടികൂടിയവന്മാർ മറ്റുള്ളവരെ
മനോഹരമായി ഒറ്റികൊടുത്തു..ഡിന്ടോ എന്നൊരു മണ്ടൻ എന്നെ ചൂണ്ടി കാണിച്ചു പറഞ്ഞു, " മാഷേ , ദേ ദവൻ
അപ്പടി എറിഞ്ഞു.." കയ്യില ചൂരലുമായി ചാടി തുള്ളി നിന്നിരുന്ന ഗോപിനാഥൻ
മാഷ് " ആഹ..അവൻ അപ്പടി എറിഞ്ഞു..നീ ഇപ്പടി എറിഞ്ഞു അല്ലേട..."
അടിപൊടി പൂരം.!!! ആര്യൻ മാഷ്, രാമചന്ദ്രൻ
മാഷ്, മുകുന്ദൻ മാഷ്, ജോഷി മാഷ്,ജോണ്‍ ജേക്കബ് മാഷ്...എല്ലാരും അതിൽ
പങ്കെടുത്തു..പ്രേംകുമാർ മാഷും കുര്യൻ മാഷും സോണി മാഷും തങ്ങളുടെ ഊഴത്തിനായി ക്യൂ
നിന്നു ..
സംഗതിയുടെ കിടപ്പുവശം മനസ്സിലായ മാഷുമാർ ഓരോരുത്തരെ ആയി
അടുത്തു വിളിച്ചു എത്ര ഇല പിടിച്ചെന്നു ചോദിച്ചു..ഏഴു ഇല പിടിച്ചവനു പതിനാലു
അടിവച്ചു ഓരോരുത്തര്‍ക്കും പിടിച്ച ഇലയുടെ ഇരട്ടി കിട്ടി...എനിക്കും കിട്ടി
പത്തെണ്ണം..കുശാൽ...
അരുണ്‍ പി വാസുദേവൻ എന്ന വാസു അവിടേം അതി
ബുദ്ധി കാണിച്ചിരുന്നു..അടുത്ത ദിവസത്തേക്ക് കൂടിയുള്ള ഇലയും അവന്റെ പോക്കറ്റിൽ
ഉണ്ടായിരുന്നു...അങ്ങനെ 28 അടി..!!
അടി കൊണ്ട ചന്തിയും ഉഴിഞ്ഞു ക്ലാസ്സിലേക്ക് പോകുമ്പോൾ വാസു
പറഞ്ഞു "അടുത്ത കൊല്ലത്തേക്ക് കൂടിയുള്ള ഇല പിടിച്ചാലോനു വച്ചതാ സ്റ്റാ..അങ്ങനെ
ചീയാഞ്ഞത് നന്നായില്ല്യെ ഇപ്പൊ.."
വേദന കടിച്ചു പിടിച്ചിട്ടും അടി കൊണ്ട സങ്കടത്തിൽ എന്റെ
കണ്ണുകള നിറഞ്ഞിരുന്നു..ബെറിൻ വന്നു പറഞ്ഞു
ബ്രഹു ക്ലാസ്സിൽ ഇരുന്നു കരയുന്നുണ്ട് എന്ന്..ചായ കുടിക്കാൻ പോയ വൃശ്ചിക
കാറ്റ് തിരിച്ചു വന്നു വീശാൻ തുടങ്ങിയിരുന്നു..അടി കൊണ്ട എല്ലാവരെയും
ആശ്വസിപ്പിക്കും പോലെ..
ഞാൻ മനസ്സിൽ ഓർത്തു ...വൈകുന്നേരം പോയി മോനു
ചേട്ടനെ കാണണം...ബ്രഹുവിനെയും കൂട്ടാം ..ബസിൽ കണ്ടക്ടർ ആവാൻ പത്താം ക്ലാസ്സ് പാസ് ആവണോ
എന്ന് ചോദിക്കണം..
***************************************************
കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ പോയപ്പോൾ സി എം എസിൽ പോവാൻ പറ്റിയില്ല..അവിടെ കാറ്റ്
ഇപ്പോഴും വീശുന്നുണ്ടോ എന്ന് അറിയില്ല..ഇപോഴത്തെ കുട്ടികൾ ഇല പിടിക്കുന്നുണ്ടോ എന്നും..

.jpg)

