Friday, April 13, 2012

ഒരു വിഷുകാലത്തിന്റെ ഓര്‍മ്മയ്ക്ക്‌..












നാളെ വിഷു...എല്ലാ ഒരുക്കങ്ങളും തീര്‍ന്നു കാണും..രാവിലെ മുതല്‍ പാറമേക്കാവിന്റെ മുന്‍പില്‍ തുടങ്ങിയ കൊന്നപ്പൂ കച്ചവടം കഴിഞ്ഞു പൂമൊട്ടുകള്‍ എന്നും മുല്ലപ്പൂ മണക്കുന്ന വീഥികളില്‍ വീണു കിടപ്പുണ്ടാകും..ഉച്ചക്കും നാട്ടിലെ വികൃതി പിള്ളേര്‍ കൊന്നമര കൊമ്പില്‍ ആകും, ബാക്കി പൂ പറിച്ചു വീടുകളില്‍ കൊണ്ട് നടന്നു വിറ്റ് ആ കാശിനു പടക്കം വാങ്ങാന്‍..

മാധവേട്ടന്റെ പീടികയില്‍ ഇപ്പോള്‍ വിഷു കച്ചവടം പൊടി പൊടിക്കുന്നുണ്ടാകും...സുട്ടു ചെവിയില്‍ പേന തിരുകി കമ്പിത്തിരി, മത്താപ്പ്, മേശപ്പൂ എടുത്തു കൊടുക്കുന്ന തിരക്കിലാകും..

നാളെ കണി കണ്ടതിനു ശേഷം പൊട്ടിക്കാനുള്ള പടക്കത്തിന്റെ സാമ്പിള്‍ നോക്കുന്നുണ്ടാകും ഗെടികള്‍..അതും അയല്‍പക്കക്കാര്‍ തമ്മില്‍ മത്സരിച്ചു പൊട്ടിക്കും..വീട്ടുകാര്‍ കണി ഒരുക്കുന്ന തിരക്കിലാകും..അമ്മമാര്‍ നാളേക്ക് സദ്യ ഒരുക്കാന്‍ കാളന്‍ കുറുക്കുകയാവും.

ഇത്തിരി പിള്ളേര്‍ ഓലപ്പടക്കം നിലത്തു കടലാസില്‍ വച്ച് കടലാസിനു തീ കൊളുത്തി ചെവി പൊത്തി ഓടുന്നുണ്ടാകും..നാളെ കണി കണ്ടു കഴിഞ്ഞു കമ്പിത്തിരി,മത്താപ്പ്, പാമ്പ് ഗുളിക,തലച്ചക്രം,മേശപ്പൂ.വാണം എല്ലാം കത്തിച്ചു കഴിഞ്ഞു അവസാനത്തെ ഒരു കൂട്ടപൊരിച്ചില്‍..എല്ലാത്തിന്റെയും കടലാസ് പെട്ടികള്‍ അടുക്കികൂട്ടി അതിനുള്ളില്‍ ഒരു ഓലപ്പടക്കം വച്ച് കത്തിക്കല്‍..അതും കഴിഞ്ഞാല്‍ കുളിച്ചു അമ്പലത്തില്‍ പോയി വന്നാല്‍ കൈന്നീട്ടം വാങ്ങുന്ന തിരക്കായി..ചില വടുക്കൂസ് അമ്മാവന്മാര്‍ ഇപ്പോഴും ഒറ്റ കോയിനെ തരൂ..പിശുക്കന്മാര്‍..

കൈനീട്ടം കിട്ട്യാല്‍ ആ കാശ് കൊണ്ടും പടക്കം വാങ്ങി പൊട്ടിക്കണം എന്നുണ്ടാകും എല്ലാ വര്‍ഷവും..പക്ഷെ വിഷുവല്ലേ..കട തുറക്കില്ലല്ലോ..അടുത്ത കലാപരിപാടി തറവാട്ടില്‍ എല്ലാരും കൂടി ഇരുന്നു സദ്യ..സദ്യ ഉണ്ട ക്ഷീണം തീര്‍ക്കാന്‍ ചില വീടിലെ കാരണവന്മാര്‍ ബാകിയുള്ള ഓലപ്പടക്കം ബീഡി വലിക്കുമ്പോള്‍ അതില്‍ നിന്ന് തീ കത്തിച്ചു എറിഞ്ഞു പൊട്ടിക്കും..

ഇത് കാണുന്ന മറ്റു പിള്ളേര്‍ വീടിന്റെ മുറ്റത്ത്‌ അരിച്ചു പെറുക്കി തലേന്ന് പൊട്ടാതെ കിടന്ന മാലപടക്കതിന്റെ കുറ്റി എടുത്തു കൊണ്ടുപോയി അടുപ്പിലിടാം..അമ്മൂമ്മ നാല് മണിക്ക് കാപ്പി വക്കാന്‍ അടുപ്പ് കത്തിക്കുമ്പോള്‍ പടക്കം പൊട്ടി അമ്മൂമ്മ പേടിച്ചു നിലവിളിക്കുമ്പോള്‍ കൈകൊട്ടി ചിരിക്കാം ..രാവിലെ കൈനീട്ടം തന്ന കൈ കൊണ്ട് തന്നെ അച്ഛന്‍റെയോ അമ്മയുടെയോ വക ചുട്ട പെട നാലെണ്ണം കിട്ടുമ്പോ ഉമ്മറപ്പടിയില്‍ പോയിരുന്നു കരയാം.. അപ്പോള്‍ ആ നിറഞ്ഞ കണ്ണിന്റെ കോണിലൂടെ ചാണകം മെഴുകിയ മുറ്റത്ത്‌ തലച്ചക്രം മൂളി തിരിഞ്ഞതിന്റെയുംപാമ്പ് ഗുളിക വരി വരിയായി കത്തിച്ചു വച്ചതിന്റെയും പാടുകള്‍ കാണാം..

അടുത്ത വിഷു വരും വരെ ആ പാടുകള്‍ മായാതെ അവിടെ തന്നെ ഉണ്ടാകണേ എന്ന് ആഗ്രഹിക്കും..ഒരു വിഷുകാലത്തിന്റെ ഓര്‍മ്മയ്ക്ക്‌..

ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..