കാലം മറന്നു വച്ച പലതും പിന്നെ ഒരുനാള്‍ ഓര്‍മ്മയ്ക്ക് കൂട്ടായി വരും...ആരോരും അടുത്തില്ലാത്ത നേരത്ത്..പുറത്തു ചാറ്റല്‍ മഴ പെയ്യുമ്പോള്‍ കിനാക്കള്‍ അടുക്കി വച്ച ഭാണ്ഡം തുറന്നു വളപ്പൊട്ടുകളും മയില്‍പീലി തുണ്ടുകളും വീണ്ടും വീണ്ടും എണ്ണി നോക്കുന്ന കുട്ടിയുടെ കൌതുകത്തോടെ ഞാനും...പിന്നെ എന്റെ ഈ സമ്പാദ്യങ്ങളും...
Monday, August 22, 2011
കുട്ടിക്കാലത്തേക്ക് വീണ്ടും...
Wednesday, August 17, 2011
വയലറ്റ് നിറമുള്ള മഴക്കാലം..
ഇന്ന് ചിങ്ങം ഒന്നാം തീയ്യതി ആണെന്ന് ഫെയ്സ് ബുക്കിലെ പോസ്റ്റുകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്..കഴിഞ്ഞ വര്‍ഷം വരെ പുലര്‍ച്ചെ ഏഴു മണിക്ക് അമ്മ എണീപിച്ച് രാവിലത്തെ പതിവ് കട്ടന്‍ കാപ്പി പോലും തരാതെ "കുളിച്ചു അമ്പലത്തീ പോടാ..ഒന്നാന്തി ആയ്ട്ട് കെടന്നു ഒറങ്ങാണ്ട് "എന്നും പറഞ്ഞു തലേന് വരെ സി ഡി പ്ലെയറില്‍ വച്ച മുരളി പുറനാട്ടുകരയുടെ രാമായണം എടുത്തു കവറിലാക്കി പകരം വിഷ്ണു സഹസ്രനാമം വയ്ക്കുമായിരുന്നു.
അന്നത്തെ ദിവസം അമ്പലത്തില്പോവാനും ഒരു ഉത്സാഹം ആണ്. ജീന്‍സ് ധാരികളും ചുരിദാര്‍ കുട്ടികളും ഒക്കെ അന്ന് സെറ്റ് മുണ്ടും ഉടുത്തു രാവിലെ തന്നെ ഇറങ്ങും..ആ കാലത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് പോലും ഏഴു മണി കണ്ടിട്ടില്ലാത്ത പല ചുള്ളന്മാരും ഇങ്ങനെയുള്ള ദിവസങ്ങളില്‍ അഞ്ജരക്ക് എണീറ്റ് അമ്പല പരിസരത്തു ഹാജര്‍ ആവും..ഞാനും...
ഡിഗ്രിക്ക് പഠിക്കുമ്പോള്‍...ഇതുപോലൊരു ചിങ്ങം ഒന്നിന് പതിവ് പോലെ കേരളവര്‍മയില്‍ സമരം ആയിരുന്നു..ഫസ്റ്റ് ഇയര്‍ ആയതു കൊണ്ട് സമരം വിളിച്ചാല്‍ നേരെ വീട്ടിലേക്കു വരുമായിരുന്നു.പിന്നീട് അത് തീരെ ഇല്ലാതായി. അന്ന് സമരം കഴിഞ്ഞു വീടിലേക്ക് പോകുമ്പോള്‍..ഞാനും അവളും ഒരുമിച്ചു നടന്നു പോകുമ്പോള്‍ കര്‍കിടകം മുഴുവനും പെയ്തിട്ടും മോഹം തീരാതെ മഴ വീണ്ടും പെയ്തു..കുട കൈപിടിക്കുന്ന ശീലം അന്നും ഇന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ ഒരു കുടയില്‍ അത്യാവശ്യം ഗംഭീരമായി തന്നെ മഴ കൊണ്ടു. ഒന്നംതീയ്യതി ഇടാനായി ഒരാഴ്ച മുന്‍പ് വാങ്ങിയ ഷര്‍ട്ടിന്റെ പച്ച നിറം ഇങ്ങനെ ഇളകുമെന്നു കരുതിയില്ല..മഴമാറിയപ്പോള്‍ എന്റെ കൂട്ടുകാരിയുടെ വയലറ്റ് കരയുള്ള സെറ്റ് സാരിയില്‍ പച്ച കര കൂടി ചേര്‍നിരുന്നു..(തെറ്റിദ്ധരിക്കരുത്..)
അടുത്ത ദിവസം അവള്‍ പരിഭവം പറഞ്ഞു, കവറില്‍ ആക്കി കൊണ്ടുവന്ന സെറ്റ് സാരി ഞാന്‍ ഡ്രൈ ക്ലീനിംഗ് നു കൊടുക്കാം എന്ന് പറഞ്ഞു വാങ്ങി..പിന്നെ അവള്‍ അത് ചോദിക്കുമ്പോഴൊക്കെ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു..അങ്ങനെ മൂന്ന് വര്‍ഷം കഴിഞ്ഞു..ക്ലാസ്സ് കഴിഞ്ഞു..പിന്നെയും വര്‍ഷം നാല് കഴിഞ്ഞു...ആ വയലറ്റ് കരയുള്ള പച്ച നിറമുള്ള സെറ്റ് സാരി ഇന്നും ഞാന്‍ കൊടുത്തിട്ടില്ല...
ഇന്ന് ചിങ്ങം ഒന്ന്...ഇന്നും കേരളവര്‍മയില്‍ മഴ പെയ്തോ എന്നറിയില്ല...എന്‍റെ മനസ്സിലെ മഴക്കാലത്തിനു അന്ന് മുതല്‍ വയലറ്റ് നിറവും പാറ്റ ഗുളികയുടെ മണവുമാണ്...